കോതനല്ലൂര്‍: ട്രെയിന്‍ പോകാന്‍ നിര്‍ത്തിയിട്ടിരിക്കെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. ട്രാക്കിലേക്കു വീണ ഗേറ്റ് എടുത്തുമാറ്റിയ ഉടന്‍ ട്രെയിന്‍ കടന്നുപോയി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. നമ്പ്യാകുളം വേദഗിരി റോഡിലുള്ള നമ്പ്യാകുളം റോഡിലെ ഗേറ്റില്‍ ഇന്നലെ രാവിലെ 6.30ന് ആണ് അപകടം.

നമ്പ്യാകുളത്തു നിന്നു വേദഗിരിയിലേക്കു പോവുകയായിരുന്ന ഓട്ടോ ഗേറ്റ് ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണംവിട്ട്, അടച്ചിട്ടിരുന്ന ഗേറ്റില്‍ ഇടിക്കുകയായിരുന്നു. ട്രെയിന്‍ കടന്നുപോകുന്നത് കാത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറാണു പാളത്തില്‍ നിന്നു ഗേറ്റ് എടുത്തു മാറ്റിയത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.