ചേലക്കര: വിദ്യാര്‍ത്ഥികള്‍ക്ക് കളഞ്ഞ് കിട്ടിയത് മൂന്ന് ലക്ഷം രൂപയടങ്ങിയ ബാഗ്. ബാഗില്‍ ഇരുന്ന ലക്ഷങ്ങള്‍ കണ്ടതോടെ മൂന്ന് കിലോമീറ്റര്‍ ദൂരം നടന്ന് പോലിസ് സ്‌റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ നാടിന് അഭിമാനമായി. ഓണാഘോഷത്തോടനുബന്ധിച്ചു മുഖാരിക്കുന്ന് ഗ്രൗണ്ടില്‍ നടക്കുന്ന തലമപ്പന്തു കളി കഴിഞ്ഞു ശനി രാത്രി ഏഴരയോടെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ആദര്‍ശ്(17), ആദര്‍ശ്(21), സൂര്യജിത്ത് (16) എന്നീ സുഹൃത്തുക്കള്‍ക്കാണ് പണം അടങ്ങിയ ബാഗ് ലഭിച്ചത്.

അപ്പോള്‍ സമയം രാത്രി ഏഴരയായിരുന്നു. കൂടുതല്‍ സമയം കളയാതെ കുട്ടികള്‍ പൊലീസ് സ്റ്റേഷനിലേക്കു നടന്നു. സംഭവം ആരെയും അറിയിച്ചില്ല. നാട്ടുകാരന്‍ തന്നെയായ മൂലങ്കോട്ടില്‍ ബാലകൃഷ്ണന്റേതായിരുന്നു ബാഗ്. 3 ലക്ഷം രൂപയുണ്ടായിരുന്നു. ഓട്ടോറിക്ഷയിലെ ഡ്രൈവിങ് സീറ്റില്‍ നിന്നു വീണു പോയതാണെന്നും സുഹൃത്തിന്റെ പണമാണു ബാഗില്‍ ഉണ്ടായിരുന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ തന്നെ ബാഗ് ഉടമയ്ക്കു നല്‍കി.