മല്ലപ്പള്ളി: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും ഓട്ടുവാര്‍പ്പും ഉരുളിയും മോഷ്ടിച്ച പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങല്‍ കൂട്ടുങ്കല്‍ വീട്ടില്‍ കെ.ആര്‍.രഞ്ജിത്ത് (36) ആണ് പിടിയിലായത്. മണിമല മൂലേപ്ലാവ് മാളിയേക്കല്‍ വീട്ടില്‍ നിന്നും കോട്ടാങ്ങല്‍ പനച്ചിക്കപ്പടി വെള്ളിക്കര വീട്ടില്‍ താമസിക്കുന്ന ബേബി ജോസഫിന്റെ ഭാര്യ ജ്യോതിയുടെ വീട്ടില്‍ നിന്നുമാണ് ഒരു വലിയ ഓട് വാര്‍പ്പും ഇന്റാലിയത്തില്‍ നിര്‍മിച്ച ഉരുളിയും മോഷ്ടിച്ചത്.

പ്രതി അയല്‍വാസിയും ഈ വീടുമായി സഹകരണമുള്ളയാളുമാണ്. മണിമലയില്‍ തയ്യല്‍ക്കട നടത്തുന്ന ജ്യോതി ഭര്‍ത്താവും മക്കളുമൊത്തായിരുന്നു താമസിച്ചു വന്നത്. ഭര്‍ത്താവ് ജൂലൈ 25ന് മരിച്ചു. മക്കളില്‍ ഒരാള്‍ ഹൈദരാബാദിലും അടുത്തയാള്‍ ഇംഗ്ലണ്ടിലും ജോലി ചെയ്യുകയാണ്. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസം. മരണം കഴിഞ്ഞ് എട്ടാം ദിവസം മണിമലയിലെ വീട്ടിലേക്ക് ഇവര്‍ പോയി. 41ആം ദിനത്തിലെ മരണാനന്തര ചടങ്ങുകള്‍ നാളെ നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഭര്‍ത്താവിന്റെ അനുജനുമൊത്ത് ഒന്നിന് രാവിലെ 11 ന് കോട്ടാങ്ങലിലെ വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പ്രതി വീടിന്റെ ഓട് പൊളിച്ചു കയറി സീലിങില്‍ ചവിട്ടിയപ്പോള്‍ അത് പൊളിഞ്ഞു വീണു. ഇയാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജ്യോതിയും ബന്ധുവും ഹാളില്‍ കയറുമ്പോള്‍ രക്തം കിടപ്പുണ്ടായിരുന്നു. പരിഭ്രമിച്ചു പോയ ഇവര്‍ അയല്‍വാസിയെ ഫോണില്‍ വിളിച്ചു. മോഷണം നടന്നതായി സംശയിച്ചതിനാല്‍ പെരുമ്പെട്ടി പോലീസിലും വിവരം അറിയിച്ചു. വീടിനകം പരിശോധിച്ചപ്പോള്‍ അടുക്കള തുറന്നു കിടക്കുന്നത് കണ്ടു. പാചകത്തിന് ഉപയോഗിച്ചിരുന്ന വലിയ ഓട് നിര്‍മിതമായ വാര്‍പ്പ് പാതകത്തിനടിയില്‍ വച്ചിരുന്നത് കാണാനില്ലായിരുന്നു. ഇന്റലിയത്തില്‍ നിര്‍മ്മിച്ച ഉരുളിയും നഷ്ടപ്പെട്ടിരുന്നു. ആകെ 30,000 രൂപയുടെ നഷ്ടം സംഭവിച്ചു.

വിവരമറിഞ്ഞ് പെരുമ്പട്ടി പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.

റാന്നി,മണിമല,ചുങ്കപ്പാറ,എരുമേലി എന്നിവിടങ്ങളിലെ ആക്രിക്കടകളിലും മറ്റും അന്വേഷണം നടത്തി. എരുമേലിയില്‍ എരുമേലി തെക്ക് താഴത്ത് വീട്ടില്‍ മുഹമ്മദ് സാലി എന്നയാളുടെ ആക്രിക്കടയില്‍ രഞ്ജിത്ത് ഉരുളി വിറ്റതായി പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 25ന് ഇയാള്‍ തന്റെ വീട്ടിലേതാണെന്ന് പറഞ്ഞ് ഉരുളി വില്‍ക്കാന്‍ കൊണ്ടുവന്നതായി കടയുടമ പോലീസിന് മൊഴിനല്‍കി. തുടര്‍ന്ന് പോലീസ് ഉരുളി സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോട്ടാങ്ങലിലെ വീടിനു സമീപത്ത് നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച ഇയാളെ തുടര്‍ന്ന് ആക്രിക്കടയില്‍ എത്തിച്ചു തെളിവെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.