ആലപ്പുഴ: സംസ്ഥാനത്ത് പച്ചക്കറിയുത്പാദനം കൂടുന്നു. ചിലതിനു വില കുറഞ്ഞിട്ടുമുണ്ട്. 2016 മുതല്‍ ഉത്പാദനം കൂടുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 2016-17ല്‍ 7.25 ലക്ഷം ടണ്ണായിരുന്നെങ്കില്‍ 2024-ല്‍ 17.21 ലക്ഷം ടണ്ണായി. എന്നാല്‍, കൃഷിച്ചെലവു കൂടിയതിനാല്‍ വിലയില്‍ പ്രതിഫലിക്കണമെന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എന്തായാലും ഉത്പാദനം കൂടിയത് ഓണക്കാലത്തു നേട്ടമായി.

സംസ്ഥാന സ്ഥിതിവിവരക്കണക്കു വിഭാഗത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ഏത്തക്കായ(പച്ച)യ്ക്ക് ശരാശരി വില 49.57 രൂപയാണ്. കഴിഞ്ഞവര്‍ഷമിത് 53.57 രൂപയായിരുന്നു. കൂടുതല്‍ വില തിരുവനന്തപുരത്തും ഇടുക്കിയിലുമായിരുന്നു- 60 രൂപ.

സംസ്ഥാനത്ത് ഒരുവര്‍ഷം ശരാശരി 20 ലക്ഷം ടണ്‍ പച്ചക്കറി വേണമെന്നാണ് നാഷണല്‍ സാംപിള്‍ സര്‍വേ പ്രകാരം കണക്കാക്കിയിരിക്കുന്നത്. സ്ഥിതിവിവരക്കണക്ക് വിഭാഗം തിങ്കളാഴ്ച ശേഖരിച്ച പച്ചക്കറികളുടെ ശരാശരി വില (കിലോയ്ക്ക്): ബ്രാക്കറ്റില്‍ കഴിഞ്ഞവര്‍ഷത്തെ വില. സവാള- 28 (54.14), മത്തന്‍- 37 (24.14), വഴുതന- 56 (45.29), വെണ്ട- 47 (34.43), ബീന്‍സ്- 61.50 (68.93), കാബേജ്- 33.50 (40.64), പാവയ്ക്ക- 65.50 (55.57), തക്കാളി- 41.29 (30.43), പച്ചമുളക് 100 ഗ്രാം- 8.71രൂപ

പച്ചക്കറിവിപണി പൂര്‍ണമായും കൃഷിവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിലയില്‍ കാര്യമായ കുതിപ്പുണ്ടായാല്‍ ഇടപെടാനും കൂടുതല്‍ പച്ചക്കറിയെത്തിക്കാനും കഴിയും. അഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ചത് ഗുണമായി. ഇതാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് അടിസ്ഥാനമായതെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.