കോട്ടയം: സൂസന്‍ മേബിള്‍ തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സ് എന്നിവ എംജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 47.81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നേരത്തെ 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക മന്ത്രിസഭായോഗം വര്‍ധിപ്പിച്ചു.

സിന്തറ്റിക് ട്രാക്ക്, ലോങ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോള്‍ വോള്‍ട്ട് എന്നിവയ്ക്കുള്ള പിറ്റുകള്‍, സ്വിമ്മിങ് പൂള്‍ എന്നിവയുണ്ടാകും. മള്‍ട്ടി പര്‍പ്പസ് ഫ്‌ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിന്റെ ഭാഗമാണ്. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തിന്റെ തറ തേക്കുതടികൊണ്ട് പാനല്‍ ചെയ്യും. രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ഒരു ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഒരു ഹാന്‍ബോള്‍ കോര്‍ട്ട്, എട്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസ് അരീന, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും. പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്‌കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള നൂറുവീതം പുരുഷ, വനിതാ അത്ലറ്റുകളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍ ഉണ്ടാകും.