ഇടുക്കി: വനവിഭങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി കാട്ടില്‍ പ്രസവിച്ചു. സംഭവം അറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. അമ്മ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ മടിച്ച് കാട്ടില്‍ത്തന്നെ തുടര്‍ന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷം തിരികെ കാട്ടില്‍ തന്നെ എത്തിച്ചു.

വള്ളക്കടവ് റെയ്ഞ്ചിന് കീഴില്‍ കാട്ടില്‍ താമസിക്കുന്ന ബിന്ദു(24) വാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ കാട്ടില്‍ പെണ്‍കുഞ്ഞിന് ജന്‍മംനല്‍കിയത്. ഈ സമയത്ത് ബിന്ദു വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വനവിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു. ബിന്ദു പ്രസവിച്ചതിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് ആരോഗ്യവകുപ്പില്‍ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഉടന്‍ കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് സംഘം ആംബുലന്‍സുമായി വള്ളക്കടവിലെ കാട്ടില്‍ എത്തി. കുട്ടിയെയും അമ്മയെയും ആശുപത്രിയില്‍ എത്തിക്കുന്നതിനായി പരിശ്രമിച്ചങ്കിലും ബിന്ദു കൂടെ ചെല്ലാന്‍ തയ്യാറായില്ല.

തുടര്‍ന്ന് യുവതിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയുമായി ആംബുലന്‍സില്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കുപോയി. ആശുപത്രിയില്‍ കുട്ടിയെത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചതോടെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും സജ്ജമായി. തുടര്‍ന്ന് കുട്ടിക്കുവേണ്ട ചികത്സ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.

കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഉറപ്പായതോടെ കുട്ടിയെ രക്ഷാകര്‍ത്താക്കളുടെ അടുത്ത് തിരികെ എത്തിച്ചു. വീണ്ടും തുടര്‍ചികത്സയ്ക്കായി കുട്ടിയെയും മാതാവിനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായെങ്കിലും ആശുപത്രയില്‍ പോവാന്‍ ബിന്ദുവും കുടുംബാംഗങ്ങളും തയ്യാറായില്ല. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരെയും പട്ടികവര്‍ഗവകുപ്പിലെ ജീവനക്കാരെയും ഇവരുടെ പരിചരണത്തിനായി ഏല്‍പ്പിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ മടങ്ങുകയായിരുന്നു.

കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. മാടസ്വാമി, ആരോഗ്യവകുപ്പ് ജീവനക്കാരായ ആര്യാമോഹന്‍, ആംബുലന്‍സ് ഡ്രൈവര്‍ നൈസാമുദ്ധീന്‍, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി ജീവനക്കാരി ശ്രീദേവി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.