കൊല്ലം: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ നൂറ്റി എഴുപത്തിരണ്ടാമത് ജയന്തി ആചരണം സമാധിസ്ഥാനമായ പന്മന ആശ്രമത്തില്‍ വെള്ളിയാഴ്ച നടക്കും. ശ്രീബാലഭട്ടാരകേശ്വര ആശ്രമം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പരിപാടി. രാവിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം എട്ടിന് കളഭാഭിഷേകം. 10.30-ന് ജയന്തി സമ്മേളനം വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ സിദ്ധാശ്രമം മഠാധിപതി സ്വാമി ശിവാനന്ദയോഗി വിശിഷ്ടാതിഥിയാകും.

വാഴൂര്‍ ആശ്രമം സെക്രട്ടറി ഗരുഢധ്വജാനന്ദ തീര്‍ഥപാദര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പന്മന ആശ്രമം ആചാര്യന്‍ സ്വാമി നിത്യസ്വരൂപാനന്ദ അധ്യക്ഷനായിരിക്കും. കരുനാഗപ്പള്ളി ശ്രീനീലകണ്ഠ തീര്‍ഥപാദാശ്രമം സെക്രട്ടറി പ്രൊഫ. ആര്‍. അരുണ്‍കുമാര്‍ മഹാഗുരു ഭവ്യസ്മൃതി നിര്‍വഹിക്കും. പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് പുരാണപാരായണവും വൈകീട്ട് ഭരണിനക്ഷത്ര വിശേഷാല്‍ പൂജകളും പുഷ്പാഭിഷേകവും നടക്കും.