കാഞ്ഞങ്ങാട്: തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്പനയില്‍ ഈ വര്‍ഷവും വലിയ കുതിപ്പ്. നറുക്കെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെ 47 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 71,43,008 ടിക്കറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റത്. അന്ന് നറുക്കെടുപ്പിന് രണ്ടാഴ്ച മുന്‍പ് വരെയുള്ള വില്പന 36 ലക്ഷമായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 47 ലക്ഷത്തിലെത്തി.

അവസാന രണ്ടാഴ്ചയിലാണ് ആകെ വില്പനയുടെ പാതിയും നടന്നത്. ഇതേ കണക്കിലോ അതിനെ മറികടന്നോ ഇത്തവണത്തെ ടിക്കറ്റുകള്‍ വിറ്റഴിയുമെന്നാണ് ലോട്ടറി വ്യാപാരികള്‍ പറയുന്നത്. അങ്ങനെയായാല്‍ വകുപ്പ് പ്രതീക്ഷിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോകും. അത് ബമ്പര്‍ ടിക്കറ്റുകളുടെ വില്പനയിലെ ചരിത്ര നേട്ടമാകും. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം.