ആലപ്പുഴ: ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് മുഖവാരികയായി കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനമെന്ന് കെ.സി. വേണുഗോപാല്‍ എംപി. മതപരിവര്‍ത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കല്‍ക്കൂടി നാട്ടില്‍ വെറുപ്പ് പടര്‍ത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്‌നേഹം. ഛത്തീസ്ഗഡില്‍ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ മോചിതരായപ്പോള്‍ അവര്‍ക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരുടെ യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പി ശീലിച്ച ആര്‍എസ്എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ് കേസരിയിലെ ലേഖനം. ഇതേ നിലപാട് തന്നെയാണോ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ അന്ധമായ ന്യൂനപക്ഷ വിരോധത്തിനെതിരെ നാട് ജാഗ്രത പുലര്‍ത്തണം. ഓര്‍ഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.