- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടിപ്പാലം കടക്കുന്നതിനിടെ പലക തകര്‍ന്ന് അപകടം; അമ്മയുടെ കൈയ്യിലിരുന്ന രണ്ടര മാസം പ്രായമുള്ള കുഞ്ഞ് തെറിച്ച് തോട്ടില്‍ വീണു: ഒഴുകിപ്പോയ കുഞ്ഞിനെ രക്ഷിച്ച് അയല്‍വാസികള്‍
തടിപ്പാലം കടക്കുന്നതിനിടെ പലക തകര്‍ന്ന് അപകടം; കുഞ്ഞ് തെറിച്ച് തോട്ടില്‍ വീണു
കടുത്തുരുത്തി: തടിപ്പാലം തകര്‍ന്ന് അമ്മയുടെ കയ്യിലിരുന്ന രണ്ടര മാസം പ്രായമുള്ള കുഞ്ഞ് തോട്ടിലേക്ക് തെറിച്ചു വീണു. 150 മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ അയല്‍വാസികള്‍ തോട്ടില്‍ ചാടി രക്ഷപ്പെടുത്തി. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനായി തോടിനു കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അമ്മയുടെ കാല്‍ കുടുങ്ങുകയും കുഞ്ഞ് തെറിച്ച് വീഴുകയുമായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ മാഞ്ഞൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് തെക്കുപുറം മല്ലിശേരി റോഡില്‍ തെക്കുപുറം ഭാഗത്താണു സംഭവം. മാഞ്ഞൂര്‍ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടില്‍ ജോമോന്‍ മാത്യുവിന്റെ ഭാര്യ അംബികയും ഇവരുടെ രണ്ടര മാസം പ്രായമുള്ള കുഞ്ഞുമാണ് അപകടത്തില്‍പ്പെട്ടത്. അംബികയുടെ നിലവിളി കേട്ട് ഓടി എത്തിയ അയല്‍വാസികളായ തെക്കുപുറം സലിം കുമാര്‍, ഞാറക്കാട്ട് ജോബി എന്നിവരുടെ അവസരോചിത ഇടപെടലില്‍ മകന്‍ ആരോണിനെ തിരിച്ചുകിട്ടിയത്.
അംബികയും കുഞ്ഞും വാരിശേരിയിലുള്ള സ്വന്തം വീട്ടില്‍നിന്നു മാഞ്ഞൂരിലുള്ള ഭര്‍തൃവീട്ടിലേക്കു വരികയായിരുന്നു. ഗണപതിത്തോടിനു കുറുകെയുള്ള തടിപ്പാലം കടന്നുവേണം വീട്ടിലെത്താന്‍. പാലത്തിനു സമീപം വരെ കാറില്‍ വന്ന ശേഷമാണ് അംബിക തടിപ്പാലത്തില്‍ കയറിയത്. ദ്രവിച്ച രണ്ട് തെങ്ങിന്‍ തടികളില്‍ പലകയടിച്ചാണു പാലം നിര്‍മിച്ചിരിക്കുന്നത്.
കുഞ്ഞുമായി പാലത്തിനു നടുവിലെത്തിയപ്പോള്‍ പലക തകര്‍ന്ന് അംബികയുടെ കാല്‍ തെങ്ങിന്‍ തടികള്‍ക്കിടയില്‍ കുടുങ്ങി. ഈ സമയം കുഞ്ഞ് തെറിച്ചു തോട്ടിലേക്കു വീണു. തോട്ടില്‍ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയും കുഞ്ഞും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്.