കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്‌റ്റോബര്‍ 13 മുതല്‍ 24 വരെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 'അവകാശ സംരക്ഷണ യാത്ര' നടത്തും.ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന ജാഥ കാസര്‍കോഡ് ജില്ലയിലെ പനത്തടിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനി ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.ജാഥ കടന്നു വരുന്ന സ്ഥലങ്ങളില്‍ വിവിധ രൂപത അധ്യക്ഷന്‍മാര്‍,സമുദായ - സാമൂഹ്യ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക,ജസ്റ്റിസ്'ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യവും ഭൂപ്രശ്‌നങ്ങളും അവസാനിപ്പിക്കുക,റബ്ബര്‍,നെല്ല് ഉള്‍പ്പെടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തകര്‍ച്ചയ്ക്ക് പരിഹാരം കാണുക,വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍, രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും. ഒക്ടോബര്‍ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും.ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാവില്ല.നാളുകളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കില്‍ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ നിലപാട് എടുക്കുവാന്‍ നിര്‍ബന്ധിതരാകുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവിച്ചു.

ഡയറക്ടര്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ ജോസ്‌കുട്ടി ജെ ഒഴുകയില്‍,ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാന്‍സിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യന്‍,രാജേഷ് ജോണ്‍,ജോര്‍ജ് കോയിക്കല്‍,ബിജു സെബാസ്റ്റ്യന്‍,ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി സംഘാടക സമിതി അറിയിച്ചു.