അടൂര്‍: അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഐക്യം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂര്‍ മാര്‍ ഈവാനിയോസ് നഗറില്‍ മലങ്കര കത്തോലിക്കാ സഭ 95 ാമത് പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് ധന്യന്‍ മാര്‍ ഈവാനിയോസിന്റെറ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ ഇന്നും കേരളീയ സമൂഹത്തില്‍ ഉണ്ട്. ശാന്തിയും സമാധാനവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ ചെറുക്കാനും ഒറ്റപ്പെടുത്താനും നമുക്കു കഴിയണം. സമാധാനവും ശാന്തതയുമാണ് വികസനത്തിന് ആവശ്യം. കേരള ജനത സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മാര്‍ ഈവാനിയോസ് മുന്നോട്ടുവച്ച ആശയം ഐക്യത്തിന്റെയും സമാധാനത്തിന്റേതുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട യഥാര്‍ഥ പുത്രനായിരുന്നുഅദ്ദേഹം.

ഒരു നൂറ്റാണ്ട് മുന്‍പ് മാര്‍ ഈവാനിയോസ് നമ്മുടെ നാട്ടില്‍ തുടങ്ങിവച്ച സമൂഹികമായ മുന്നേറ്റം ഐക്യത്തിന്റെ പാതയില്‍ മനുഷ്യരെ കൂട്ടി യോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. സാമൂഹികമായ നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ടാണ് അദ്ദേഹം ലക്ഷ്യ നിര്‍വഹണത്തിനായി യത്നിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാര്‍ ഈവാനിയോസ് അന്നു മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. സഭയ്ക്കുള്ളില്‍ നിലനിന്നിരുന്ന ഭിന്നതകളെ സമാധാനപൂര്‍വം പരിഹരിച്ച് ഐക്യം പുലരണമെന്ന് മാര്‍ ഈവാനിയോസ് ആഗ്രഹിച്ചിരുന്നു.

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കാകെ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സവിശേഷമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കെല്പുള്ളതും അനുഭവ സമ്പത്തുള്ളയാളുമാണ്. അദ്ദേഹത്തിനും സഭാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ജനറല്‍ കണ്‍വീനര്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.