തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹ മോചനക്കേസുകള്‍ പെരുകുന്നു. വര്‍ഷം തോറും 30,000 വിവാഹ മോചന കേസുകളാണ് കോടതികളില്‍ എത്തുന്നത്. ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നത് 1.10 ലക്ഷം വിവാഹങ്ങളാണ്. എന്നാല്‍ ശരാശരി 30,000 വിവാഹ മോചനകേസുകളും കുടുംബ കോടതികളിലേക്ക് എത്തുകയാണ്. വിവാഹമോചനം തേടുന്നവരിലേറെയും മുന്‍ വര്‍ഷങ്ങളില്‍ വിവാഹം ചെയ്തവരാണ്. കേസുകള്‍ കൂടിയതോടെ ജില്ലകളില്‍ രണ്ടും മൂന്നും കുടുംബക്കോടതികളായി. എന്നിട്ടും കുരുക്കുകള്‍ അഴിയുന്നില്ല.

ബന്ധം വേര്‍പെടുത്താന്‍ കേസുമായി പോകുന്നവരാകട്ടെ, വിവാഹമോചനം ലഭിക്കാതെ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങുകയും ചെയ്യുന്നെന്നു കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നു. വിവരാവകാശ നിയമപ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കാണിത്. കേസുകളിലേക്കു പോകാതെ വക്കീല്‍നോട്ടിസയച്ച ശേഷം പിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം ഇതിലും ഏറെയാണെന്നു കുടുംബക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍ തന്നെ വെളിപ്പെടുത്തുന്നു. . തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. കൊല്ലമാണ് രണ്ടാമത്.