തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞതിനെപ്പറ്റി തദ്ദേശവകുപ്പിന്റെ വാട്‌സാപ്പ് നമ്പറില്‍ ഒരുവര്‍ഷത്തിനിടെ ലഭിച്ചത് 12,265 പരാതികള്‍. 11.01 കോടി രൂപ പിഴയായി ചുമത്തി. തെളിവുസഹിതമുള്ള 7912 പരാതികളില്‍ നടപടിയെടുത്തു. 63 എണ്ണത്തില്‍ നിയമനടപടി തുടങ്ങി. നിയമലംഘനം കൂടുതല്‍ തിരുവനന്തപുരം(2100), എറണാകുളം (2028) ജില്ലകളില്‍. കുറവ് വയനാട്-155 പരാതി മാത്രം.

തദ്ദേശവകുപ്പിന്റെ വാട്‌സാപ്പ് നമ്പറിലാണ് ഇത്രയും പരാതി കിട്ടിയത്. പരാതി അറിയിക്കാനുള്ള വാട്‌സാപ്പ് നമ്പറിന് (9446700800) ഒരു വയസ്സാകുമ്പോഴുള്ള കണക്കാണിത്. പരാതി നല്‍കിയവര്‍ക്ക് 1,29,750 രൂപ പാരിതോഷികം നല്‍കി. പരാതി അറിയിക്കുന്നവര്‍ക്ക് ആദ്യം 2500 രൂപയായിരുന്നു പാരിതോഷികം. പിന്നീടത് ചുമത്തുന്ന പിഴയുടെ നാലിലൊന്നാക്കി.

മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 5000 രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാല്‍ 50,000 വരെയും. മാലിന്യമോ ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ തള്ളിയാല്‍ 10,000 മുതല്‍ 50,000 രൂപവരെ പിഴയും ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ തടവുമാണ് ശിക്ഷ. നിരോധിത പ്ലാസ്റ്റിക് വിറ്റാല്‍ 10,000 മുതല്‍ 50,000 വരെ പിഴ. മാലിന്യമോ വിസര്‍ജ്യമോ അനധികൃതമായി കടത്തുന്ന വാഹനം കണ്ടുകെട്ടും. ഇത്തരം നിയമലംഘനം അറിയിക്കുന്നവര്‍ക്കാണ് പാരിതോഷികം.