- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയ കേസ്; ലാബ് ഉടമകള്‍ അറസ്റ്റില്‍
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയ കേസ്; ലാബ് ഉടമകള്‍ അറസ്റ്റില്‍
കളമശ്ശേരി: ജോലിക്കായി വിദേശത്ത് പോകുന്നവര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ കേസില്‍ ലാബ് ഉടമകളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരിയിലെ എല്‍ ഈവണ്‍ ലബോറട്ടറി നടത്തിപ്പുകാരായ പെരുമ്പാവൂര്‍ നെടിമ്പുറത്ത് ചന്ദ്രബോസ് (55), പൂണിത്തറ പൈനുങ്കല്‍ വീട്ടില്‍ ഷിബി ജോസ് (51) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സീലുകളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തി.
വിദേശത്തു പോകുന്നവര്‍ക്കും സംസ്ഥാനത്തും പുറത്തുമുള്ള സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലേക്കു ജോലിക്ക് പോകുന്നവര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാലക്കാട് മെഡിക്കല്‍ കോളേജ് മുന്‍ അസോസിയേറ്റ് പ്രൊഫ. ഡോ. റിബു സാം സ്റ്റീഫന്റെ പരാതിയിലാണ് കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
വിവിധ കമ്പനികള്‍ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ രജിസ്‌ട്രേഡ് ഡോക്ടര്‍ നടത്തിയ പരിശോധനയുടെ ഫലം ഉള്‍പ്പെടെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഡോക്ടറുടെ സാന്നിധ്യത്തില്‍ അപേക്ഷകരെ കണ്ട് പരിശോധിപ്പിക്കാതെ വ്യാജമായി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ലാബ് നല്‍കിയിരുന്നത്. വര്‍ഷങ്ങളായി ഇതേ രംഗത്തുള്ള സ്ഥാപനത്തെ വിശ്വസിച്ചാണ് കമ്പനികള്‍ ഇവര്‍ക്ക് കരാര്‍ നല്‍കിയിരുന്നത്.
തൃക്കാക്കര എസിപി പി.എസ്. ഷിജുവിന്റെ മേല്‍നോട്ടത്തില്‍ കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ദിലീഷ്, സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, എഎസ്‌ഐ ഷൈജ, സിനു ചന്ദ്രന്‍, പ്രദീപ്, ശബ്‌ന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.