തിരുവനന്തപുരം: ഭിന്നശേഷി വിദ്യാര്‍ഥിക്ക് പാങ്ങപ്പാറ സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ നടപടിക്കൊരുങ്ങി ബാലാവകാശ കമ്മിഷന്‍. സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ക്കെതിരേ നിയമനടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിക്കു നിര്‍ദേശവും നല്‍കി. കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാറും എഫ്.വിത്സണും ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. . 13 വയസ്സുള്ള വിദ്യാര്‍ഥിയെ ഉടന്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാനും കമ്മിഷന്‍ ഉത്തരവിട്ടു.

ഓട്ടിസം ബാധിതനായ കുട്ടിക്കാണ് പ്രവേശനം നിഷേധിച്ചത്. കുട്ടിയുടെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ മാനസികബുദ്ധിമുട്ടുള്ള വ്യക്തിയാണ്. അതിദാരിദ്ര്യവിഭാഗത്തിലുള്ളതാണ് കുട്ടിയുടെ കുടുംബം. സംരക്ഷിക്കാന്‍ പ്രാപ്തിയുള്ള ബന്ധുക്കളുമില്ല. ഹോസ്റ്റലില്‍ പ്രവേശനം നല്‍കാത്തതിനാല്‍ പത്തു മാസമായി കുട്ടിയുടെ പഠനവും മുടങ്ങി. ഈ സംഭവത്തില്‍ കടുത്ത നടപടി വേണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. കുട്ടിക്ക് കൗണ്‍സിലിങ്ങിനു പുറമേ, തടസ്സമില്ലാതെ ചികിത്സ നല്‍കാനും ഉത്തരവിട്ടു.

പത്തു മാസം കുട്ടിയുടെ പഠനം തടസ്സപ്പെടുത്താന്‍ ഇടയാക്കിയതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. കുട്ടിക്ക് പ്രവേശനം നിഷേധിച്ചതും അവഹേളനപരമായി പെരുമാറിയതും അച്ചടക്കലംഘനത്തിനു പുറമേ, വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ലംഘനമാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ ഉത്തരവിന്മേല്‍ പത്തു ദിവസത്തിനുള്ളില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.