- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് റദ്ദാക്കിയിട്ടും യാത്രക്കാരിക്ക് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തില്ല; സേവനത്തില്‍ വീഴ്ച വരുത്തിയതിന് 82,555 രൂപ ഉപഭോക്തൃ കമ്മിഷന്‍ നഷ്ടപരിഹാരം വിധിച്ചു; അടയ്ക്കാതെ വന്നപ്പോള്‍ വാറണ്ട് ചെന്നു; പണമടച്ച് തലയൂരി കെഎസ്ആര്‍ടിസി എം.ഡി
ബസ് റദ്ദാക്കിയിട്ടും യാത്രക്കാരിക്ക് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തില്ല
പത്തനംതിട്ട: അറസ്റ്റ് വാറണ്ട് ചെന്നതിന് പിന്നാലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി നടപ്പാക്കി കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍. കമ്മിഷന്‍ വിധിച്ച നഷ്ടപരിഹാരത്തുകയായ 82,555 രൂപ ഹര്‍ജിക്കാരിക്ക് കൈമാറിയാണ് എം.ഡി തുടര്‍ നടപടികള്‍ ഒഴിവാക്കിയത്. ചൂരക്കോട് എന്‍.എസ്.എസ് എച്ച്.എസ്.എസ് അധ്യാപിക അടൂര്‍ ഏറത്ത് പ്രിയ ഭവനില്‍ പ്രിയ നല്‍കിയ ഹര്‍ജിയിലാണ് എതിര്‍കക്ഷിയായ കെ.എസ്.ആര്‍.ടി.സി എം.ഡി നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ പി.എച്ച്.ഡി ഗൈഡുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിന് പോകാന്‍ ഒന്നിന് രാത്രി എട്ടരയ്ക്ക് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസില്‍ പ്രിയ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 1003 രൂപ നല്‍കി ജൂലൈ 29 ന് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ് നടത്തിയത്.
ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചിന് തന്നെ പ്രിയ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ എത്തി. രണ്ടു തവണ ഫോണില്‍ ബസ് ഉടന്‍ വരുമെന്ന് അറിയിപ്പ് വന്നു. ബസ് വൈകുന്നത് കാരണം തിരുവനന്തപുരം ഡിപ്പോയില്‍ വിളിച്ച് ചോദിച്ചപ്പോഴും ബസ് വരുമെന്ന് അറിയിച്ചു. രാത്രി ഒമ്പതു മണിയോടെയാണ് ബസ് ക്യാന്‍സല്‍ ചെയ്ത വിവരം കൊട്ടാരക്കര ഓഫീസില്‍ നിന്ന് വിളിച്ച് അറിയിച്ചത്. വീട്ടില്‍ നിന്നും 15 കി.മീറ്റര്‍ ടാക്സിയിലാണ് ഹര്‍ജിക്കാരി കൊട്ടാരക്കരയില്‍ എത്തിയത്. പകരം ബസ് അന്വേഷിച്ചപ്പോള്‍ ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
രാത്രി 11.15 ന് കായംകുളത്ത് നിന്ന് മൈസൂരിന് ബസ് ഉണ്ടെന്ന് അറിഞ്ഞ് ടാക്സിയില്‍ അവിടേക്ക് പോയി. ആ ബസില്‍ യാത്ര തിരിച്ചു. രണ്ടിന് രാവിലെ എട്ടിന് മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ എത്തേണ്ടിയിരുന്ന പ്രിയയ്ക്ക് 11 മണിക്കാണ് ചെല്ലാന്‍ കഴിഞ്ഞത്. താമസിച്ച് ചെന്നതിനാല്‍ ഗൈഡുമായുള്ള കൂടിക്കാഴ്ച കാന്‍സല്‍ ചെയ്തു. തുടര്‍ന്ന് മൂന്നു ദിവസം കൂടി അവിടെ താമസിക്കേണ്ടി വന്നു. ക്യാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ പണം ഹര്‍ജിക്കാരി തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തയാറായില്ല.
സേവനത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചും നഷ്ടപരിഹാരവും ടിക്കറ്റ് റീഫണ്ടും ആവശ്യപ്പെട്ടുമാണ് ഹര്‍ജിക്കാരി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. ഇരുകൂട്ടരെയും വിസ്തരിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ടിക്കറ്റിന്റെ തുകയായ 1003 രൂപ റീഫണ്ട് ചെയ്യാനും കോടതി ചെലവും നഷ്ടപരിഹാരവുമായി 82,555 രൂപ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. എന്നാല്‍, ഇത് പാലിക്കാതെ വന്നപ്പോള്‍ എം.ഡിയെ അറസ്റ്റ് ചെയ്ത് കമ്മിഷനില്‍ ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് അറിഞ്ഞ എം.ഡി നഷ്ടപരിഹാര തുക ഹര്‍ജി കക്ഷിക്ക് നല്‍കുകയായിരുന്നു. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.