പാലക്കാട്: ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കു പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിന്റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി.

അപാര ചര്‍മബലമുള്ള ആളുകള്‍ക്ക് മാത്രമേ ഇത്രയും ആരോപണങ്ങള്‍ നേരിട്ടിട്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്താന്‍ ധൈര്യം ഉണ്ടാകൂ എന്നും രാഹുലിനെ പേറിയാല്‍ കോണ്‍ഗ്രസ് നാറുമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാന്‍ നിഘണ്ടുവില്‍ ഒറ്റവാക്കേയുള്ളൂ, 'വൃത്തികെട്ടവന്‍'. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുര്‍ഗന്ധം അസഹനീയമാവുമ്പോള്‍ ജനങ്ങള്‍ തന്നെ പുറന്തള്ളും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.