- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്ന് പോകുമ്പോള്‍ ബൈക്കിടിച്ച് വീണയാള്‍ ബൈക്കും മൊബൈല്‍ ഫോണുമായി കടന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലിസ്
ബൈക്കിടിച്ചു റോഡിൽ വീണയാൾ ബൈക്കുമായി കടന്നു; മണിക്കൂറുകൾക്കകം പിടിയിൽ
അമ്പലപ്പുഴ: നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് റോഡില്‍ വീണയാള്‍ ഇടിച്ചയാളുടെ ബൈക്കും ബൈക്കുകാരന്റെ മൊബൈല്‍ഫോണുമായി കടന്നു. ബൈക്കുകാരന് നല്കിയ പരാതിയില്‍ ഇയാളെ 12 മണിക്കൂറിനുള്ളില്‍ പോലിസ് പിടികൂടി. സിആര്‍പിഎഫ് വിമുക്തഭടനും കേരള ബാങ്ക് ഹരിപ്പാട് ശാഖാ ജീവനക്കാരനുമായ പായിപ്പാട് അജിതഭവനത്തില് സി. സജിയുടെ ബൈക്കാണ് കൊണ്ടുപോയത്. സംഭവത്തില്‍ ആറന്മുള ഗുരുക്കന്കുന്നില് മുരളീകൃഷ്ണനാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ന് ദേശീയപാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനു സമീപമായിരുന്നു സംഭവം. സജി ബൈക്കില്‍ കളര്‍കോട് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ എതിരേവന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനെത്തുടര്ന്ന് വശത്തേക്കൊതുക്കിയ ബൈക്ക് മുന്നില്‍ നടന്നുപോയ ആളെ ഇടിച്ചു. ഇരുവരും റോഡില്‍വീണു. തമ്മില്‍ തര്‍ക്കമായി. ഇതിനിടെ വീണയാള്‍ സജിയുടെ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. തര്‍ക്കം കേട്ടെത്തിയ മത്സ്യത്തൊഴിലാളികളുമായി ഇദ്ദേഹം സംസാരിക്കുന്നതിനിടെ പ്രതി ബൈക്കുമായി കടക്കുകയായിരുന്നു. താക്കോല്‍ വണ്ടിയില്‍ത്തന്നെ ഉണ്ടായിരുന്നു.
സജി ഉടന്‍ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പോലീസ് പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. നഷ്ടപ്പെട്ട ഫോണ്‍ ഒന്‍പതരയോടെ പ്രതി ഓണാക്കിയതാണ് കുരുക്കായത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയായിരുന്നു ടവര്‍ ലൊക്കേഷന്‍. തുടര്‍ന്ന് ഉച്ചയോടെ സജിയും കൂട്ടുകാരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ അത്യാഹിതവിഭാഗത്തിനു സമീപം ബൈക്കു കണ്ടെത്തി. വൈകുന്നേരം അഞ്ചുമണിയോടെ പോലീസെത്തി പ്രതിയെ പിടികൂടി.
പ്രതിയുടെ ഭാര്യ 23 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് കൂട്ടിരിപ്പുകാരനായി നില്‍ക്കുകയായിരുന്നു പ്രതി. രാവിലെ ബൈക്കില്‍ തിരുവല്ല വരെ പോയിട്ടാണ് പ്രതി വണ്ടാനത്തേക്കു മടങ്ങിയത്. പുന്നപ്ര ഇന്‍സ്പെക്ടര്‍ എം.എം. മഞ്ജുദാസിന്റെ നേതൃത്വത്തില്‍ എസ്ഐ എസ്. അരുണ്‍, അബ്ദുല്‍സത്താര്‍, സീനിയര്‍ സിപിഒമാരായ രതീഷ്, അബൂബക്കര്‍ സിദ്ദിഖ്, അമര്‍ജ്യോതി, അനീഷ്കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.