കൊച്ചി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിനു വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന കേസിലെ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളെ എട്ടുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള (യുഎപിഎ) വിവിധ കുറ്റങ്ങളും ഗൂഢാലോചനക്കുറ്റവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. കായമ്പത്തൂര്‍ ഉക്കടം അന്‍പ് നഗറിലെ മുഹമ്മദ് അസറുദ്ദീന്‍ (27), ഉക്കടം സ്വദേശി ഷെയ്ഖ് ഹിദായത്തുള്ള (ഫിറോസ് ഖാന്‍-35) എന്നിവരെയാണ് എന്‍ഐഎ കോടതി ശിക്ഷിച്ചത്.

യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്ന ഇവര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, യുഎപിഎ സെക്ഷന്‍ 38, 39 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. 40 സാക്ഷികളെ കോടതി വിസ്തരിച്ചു.

അസറുദ്ദീനും കൂട്ടാളികളും നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ പേരില്‍ കേസെടുത്തത്. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം 2019 ഏപ്രിലില്‍ ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രതികള്‍ ശ്രീലങ്കയിലെ അന്‍വര്‍-അല്‍-അവ്‌ലാക്കി, അബു ബാര, മൂസ സെറന്റോണിയോ, സഹ്‌റാന്‍ ഹാഷിം തുടങ്ങിയ തീവ്രവാദികളുടെ പ്രസംഗങ്ങള്‍ കാണാറുണ്ടെന്ന് എന്‍ഐഎ ആരോപിച്ചിരുന്നു. 2017 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതികള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും തീവ്രസ്വഭാവമുള്ള പ്രചാരണങ്ങള്‍ പ്രതികള്‍ നടത്തിയതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കി. ശീലങ്കന്‍ ഐഎസ് നേതാവ് സഹ്‌റാന്‍ ഹാഷിമിന്റേതാണെന്ന് ആരോപിക്കപ്പെടുന്ന പ്രസംഗങ്ങളും മറ്റ് വസ്തുക്കളും പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെടുത്തതായി എന്‍ഐഎ വിശദീകരിച്ചു. 2022-ലെ കോയമ്പത്തൂര്‍ സ്ഫോടന കേസിലും ഇവര്‍ പ്രതികളാണ്.