വയനാട്: കൊല്ലത്ത് വെച്ച് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട നിരവധി മോഷണക്കേസുകളിലെ പ്രതികളായ അച്ഛനും മകനും നേരെ പോയത് വയനാട്ടിലേക്ക്. തിരുവനന്തപുരം ആലംകോട് റംസി മന്‍സിലില്‍ അയൂബ്ഖാന്‍ (62), നെടുമങ്ങാട് വാളിക്കോട് റംസി മന്‍സിലില്‍ സെയ്തലി (22) എന്നിവരാണ് പിടിയിലായത്.

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ ഞായര്‍ പുലര്‍ച്ചെ കടയ്ക്കല്‍ അഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തിന് സമീപം വെച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവര്‍ പോയതും വയനാട്ടിലേക്കായി. പാലോട് നന്ദിയോട് കള്ളിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഓഗസ്റ്റ് രണ്ടിന് പാലോട് മേഖലയില്‍ കവര്‍ച്ച നടത്തി വാടകവീടിന്റെ ഉടമയെ അറിയിക്കാതെ താക്കോലുമായി സ്ഥലം വിട്ടിരുന്നു പൊലീസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുല്‍ത്താന്‍ ബത്തേരിയിലെത്തി കസ്റ്റഡിയിലെടുത്തു.

സ്വകാര്യ കാറില്‍ പാലോട്ടേക്ക് കൊണ്ടുവരവേ പ്രതികള്‍ മൂത്രം ഒഴിക്കണം എന്ന് ആവശ്യപ്പെട്ടു. ചെറുകുളം പാലത്തിന് സമീപം കാര്‍ നിര്‍ത്തി. അയൂബ്ഖാന്റെ കൈയിലെ വിലങ്ങ് അഴിച്ചു. മൂത്രം ഒഴിക്കാന്‍ ഇറങ്ങിയശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കടയ്ക്കല്‍, ചിതറ, കിളിമാനൂര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘവും ഇട്ടിവ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തി. കൊല്ലം ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്ന പ്രദേശം, ആളൊഴിഞ്ഞ ഇടങ്ങള്‍, ക്വാറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലി ക്യാം ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് വയനാട് ഉണ്ടെന്ന് മനസ്സിലാക്കി.

ഇവര്‍ക്ക് വയനാട് വരെ എത്താന്‍ മറ്റാരുടേയുമെങ്കിലും സഹായം ലഭിച്ചോയെന്ന് തുടര്‍ അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സഹായം ഉള്ളതുകൊണ്ടാണ് ഇവര്‍ വീണ്ടും വയനാട്ടിലേക്ക് പോയതെന്നാണ് വിലയിരുത്തല്‍.