കരിപ്പൂര്‍: ആകാശ എയര്‍ കമ്പനിയുടെ മുംബൈ - കോഴിക്കോട് സര്‍വീസ് തുടങ്ങി. ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയില്‍ നിന്ന് വൈകീട്ട് 5.35 ന് പുറപ്പെട്ട് 7.20 ന് കോഴിക്കോട്ടെത്തി. വൈകീട്ട് 7.55 നാണ് വിമാനം കോഴിക്കോടുനിന്ന് തിരിച്ചുപറന്നത്. ആകാശ എയറിന്റെ 24-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമാണ് കോഴിക്കോട് .

ആദ്യസര്‍വീസില്‍ മുംബൈയില്‍നിന്ന് 176 പേരാണ് യാത്രക്കാരായി കരിപ്പൂരില്‍ ഇറങ്ങിയത്. തിരിച്ചുള്ള സര്‍വീസില്‍ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ സര്‍വീസ് ഉദ്ഘാടനംചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ., ആകാശ എയര്‍ സൗത്ത് ഈസ്റ്റ് ജനറല്‍ മാനേജര്‍ മുരളി ദാസ് മേനോന്‍, കേരള- തമിഴ്‌നാട് മാര്‍ക്കറ്റിങ് മാനേജര്‍ സുധീഷ് മംഗലശ്ശേരി. വിമാനത്താവള ജനറല്‍ മാനേജര്‍ പി. പൗള്‍, വിമാനത്താവള മാനേജര്‍ റിഷി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.