ആലപ്പുഴ: മകന്റെ ജീവിതപങ്കാളിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഴുത്തു മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍. ആലപ്പുഴ കുതിരപ്പന്തി മുട്ടത്തുപറമ്പില്‍ മിനിയെ ആണ് യുവതിയുടെ പരാതിയില്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. മിനിയുടെ മകനുമായി പരാതിക്കാരി ഒരുമിച്ചാണ് താമസം. എന്നാല്‍ ഇരുവരും നിയമപരമായി വിവാഹിതരല്ല.

ഹോസ്റ്റലില്‍ താമസിച്ച് കൈചൂണ്ടി ജങ്ഷനിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ മിനി കുതിരപ്പന്തിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ മിനി കത്തി ഉപയോഗിച്ച് പരാതിക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ പിടിവലിയില്‍ മിനിക്കും ചെറിയ പരിക്കുകളുണ്ടായെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റതോടെ മിനി ഭര്‍ത്താവിനെയും മകനെയും വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ഇരുവരും വീട്ടിലെത്തി പരാതിക്കാരിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സൗത്ത് സ്റ്റേഷന്‍ എസ്എച്ച്ഒ വി.ഡി. റെജിരാജ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തിയപ്പോഴേക്കും മിനി കടന്നുകളഞ്ഞു. പിന്നീട്, വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐമാരായ കണ്ണന്‍നായര്‍, മുജീബ്, വനിതാ എസ്സിപിഒമാരായ രാഗി, പ്രീതി, സിപിഒ ജി. അരുണ്‍, ശ്യാംലാല്‍ എന്നിവരും ഉണ്ടായിരുന്നു.