കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തില്‍ വീണ്ടും പുഴുവിനെ കണ്ടെത്തിയതായി പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ പുഴുവുണ്ടായിരുന്നതായി മംഗളൂരു സ്വദേശിനിയാണ് പരാതി നല്‍കിയത്. തിരുവനന്തപുരം കഴിഞ്ഞ രണ്ടാം തിയതി ഉച്ചയ്ക്കു ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളായിരുന്നുവെന്നു സൗമിനി എന്ന സ്ത്രീയാണ് പരാതിപ്പെട്ടത്.

.മറ്റു യാത്രക്കാര്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു. കുറച്ചു നാള്‍ മുന്‍പ്, വന്ദേഭാരതിലെ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയ വാര്‍ത്ത ഓര്‍മയിലുണ്ടായതിനാല്‍ ശ്രദ്ധിക്കണമെന്നു ഒപ്പമുണ്ടായിരുന്ന മക്കളോടു പറഞ്ഞിരുന്നു. ഭക്ഷണത്തില്‍ പുഴുവുള്ള കാര്യം മറ്റു യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും ട്രെയിനിലെ കേറ്ററിങ് ജീവനക്കാരോടു പറഞ്ഞിരുന്നുവെന്നും അവര്‍ അറിയിച്ചു.

ഐആര്‍സിടിസിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ഭക്ഷണത്തിന്റെ തുക തിരികെ ലഭിച്ചതായും തുടര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു. അതേസമയം, ഈ പരാതി റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇന്നു പ്രതികരിക്കാമെന്നാണു മറുപടി ലഭിച്ചത്.