- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികള്‍ക്ക് ചുമ മരുന്ന്: ഡോക്ടര്‍ കുറിപ്പടി നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും
കുട്ടികള്‍ക്ക് ചുമ മരുന്ന്: ഡോക്ടര്‍ കുറിപ്പടി നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കാന്‍ കേരളം. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ചുമ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. പഴയ കുറിപ്പടികള്‍ ഉപയോഗിച്ചും മരുന്ന് നല്‍കാന്‍ പാടില്ല.
കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണം നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്കുള്ള മരുന്നുകളുടെ ഡോസ് അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അതിനാല്‍, ഒരു കുട്ടിക്ക് നിര്‍ദ്ദേശിച്ച മരുന്ന് മറ്റൊരാള്‍ക്ക് നല്‍കുന്നത് ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ ചുമ മരുന്നുകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ശക്തമായ പ്രചാരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് കേസുകളുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. IAPയുടെ സഹകരണത്തോടെ പീഡിയാട്രിഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും ഇതിനാവശ്യമായ പരിശീലനം നല്‍കും.
അതേസമയം, കോള്‍ഡ്രിഫ് സിറപ്പിന്റെ ഒരു പ്രത്യേക ബാച്ചില്‍ (SR 13) കേരളത്തിന് പുറത്ത് പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഈ സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെച്ചിട്ടുണ്ട്. തമിഴ്‌നാട്, ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഈ ബാച്ച് വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ ചുമ മരുന്നിലും പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്.