ബെയ്ജിങ്: എവറസ്റ്റ് കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതത്തില്‍ ഒരു പര്‍വതാരോഹകന്‍ (41) മരിച്ചു. നിരവധി പേരെ കാണാതായി. എവറസ്റ്റിന്റെ ടിബറ്റന്‍ ചരിവുകളിലാണ് ഹിമപാതം ഉണ്ടായത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനകം 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ഭാഗത്തുള്ള കര്‍മ താഴ്വരയില്‍, ആയിരത്തിലധികം പര്‍വതാരോഹകര്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഞ്ചാരികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബര്‍ 1 മുതല്‍ ചൈനയില്‍ 8 ദിവസം അവധിയായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദര്‍ശിച്ചത്. എവറസ്റ്റ് കയറാനും പതിവിലേറെ പേരുണ്ടായിരുന്നു.