തിരുവനന്തപുരം: ദേവസ്വംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ പരിഗണിച്ചത് ആറ് സുപ്രധാന ബില്ലുകള്‍. മലയാള ഭാഷാ ബില്‍ ഉള്‍പ്പെടെ ആറ് സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. എല്ലാംകൂടി പരിഗണിക്കാന്‍ സഭയെടുത്തത് അരമണിക്കൂറില്‍ താഴെമാത്രം.

മന്ത്രി കെ. രാജനും പി. രാജീവും ഡോ. ആര്‍. ബിന്ദുവുമാണ് ബില്ലുകള്‍ എല്ലാം അവതരിപ്പിച്ചത്. ഡിജിറ്റല്‍ റീസര്‍വേയ്ക്കുശേഷം വ്യക്തികളുടെ കൈവശം അധികമുണ്ടെന്ന് കണ്ടെത്തുന്ന, പരാതികളില്ലാത്ത ഭൂമിക്ക് ഉടമസ്ഥാവകാശം നല്‍കുന്ന കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍ മന്ത്രി കെ. രാജന്‍ അവതരിപ്പിച്ചു.

സര്‍വകലാശാലനിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് രണ്ടുബില്ലുകള്‍ മന്ത്രി ഡോ. ആര്‍. ബിന്ദു അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റി നിര്‍ദേശിക്കുന്ന ഭേദഗതികളോടെ വരുംദിവസങ്ങളില്‍ ഈ ബില്ലുകള്‍ വീണ്ടും സഭയിലെത്തും. അപ്പോള്‍ വകുപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പത്താംക്ലാസുവരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്ന മലയാള ഭാഷാബില്ലും പൊതുസേവനാവകാശബില്ലും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി. രാജീവ് അവതരിപ്പിച്ചു.

കേരള ഡിജിറ്റല്‍ ശാസ്ത്രസാങ്കേതിക നൂതനവിദ്യാ സര്‍വകലാശാല (ഭേദഗതി) ബില്ലും രാജീവ് തന്നെ അവതരിപ്പിച്ചു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കുള്ള അധികാരം സുപ്രീംകോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ ഭേദഗതി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇനി ബജറ്റ് അവതരിപ്പിക്കാന്‍ ഒരു സമ്മേളനംകൂടി ചേരാനേ സാധ്യതയുള്ളൂ. അതുകൊണ്ടാണ് ഈ സമ്മേളനത്തില്‍ത്തന്നെ 13 ബില്ലുകള്‍ തിരക്കിട്ട് കൊണ്ടുവരുന്നത്.