കരിപ്പൂര്‍: ആകാശ എയര്‍ കമ്പനിയുടെ കോഴിക്കോട്ടുനിന്നുള്ള കണക്ഷന്‍ സര്‍വീസുകള്‍ 27-ന് തുടങ്ങും. കോഴിക്കോട്-ബെഗളൂരു വിമാന സര്‍വീസാണ് ആദ്യം.

തായ്‌ലന്‍ഡിലെ ഫുക്കറ്റ്, ജിദ്ദ, അബുദാബി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്താരാഷ്ട്ര കണക്ഷന്‍ സര്‍വീസും ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ലഖ്‌നൗ തുടങ്ങിയ മേഖലകളിലേക്ക് ആഭ്യന്തര കണക്ഷന്‍ സര്‍വീസുമാണ് ആരംഭിക്കുന്നത്. ഇതോടൊപ്പം, പുണെ-ബെംഗളൂരു സര്‍വീസും തുടങ്ങും.

ഇതിനുപുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടേക്കും കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. നിലവില്‍ മുംബൈ-കോഴിക്കോട് മേഖലയില്‍ ആകാശ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് മുംബൈയില്‍നിന്ന് വൈകീട്ട് 5.35 -ന് പുറപ്പെട്ട് 7.20-ന് കോഴിക്കോട്ടെത്തും. വൈകീട്ട് 7.55 -ന് കോഴിക്കോടുനിന്ന് തിരിച്ചുപറക്കും.

ആകാശ എയറിന്റെ 24 -ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമാണ് കോഴിക്കോട്. ബെംഗളൂരു ഹബ്ബാക്കി കണക്ഷന്‍ സര്‍വീസുകള്‍ തുടങ്ങുന്നതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കമ്പനിക്കാവും.