തെന്മല: അച്ചന്‍കോവിലില്‍ മുട്ടതീറ്റിമത്സരത്തിനിടെ മുട്ട തൊണ്ടയില്‍ കുരുങ്ങിയ യുവാവ് ശ്വാസം കിട്ടാതെ പിടഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് അംഗം യുവവിന് രക്ഷകനായി. കഴിഞ്ഞദിവസം അച്ചന്‍കോവിലില്‍ ആണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഒരു ക്ലബ്ബിന്റൈ നേതൃത്വത്തില്‍ വടംവലി ഉള്‍പ്പെടെയുള്ള മത്സരത്തിനൊപ്പം മുട്ടതീറ്റിമത്സരവും നടന്നിരുന്നു. രാത്രി 11-ന് നടന്ന മത്സരത്തില്‍ പങ്കെടുത്ത അനീഷി(42)നാണ് അത്യാഹിതമുണ്ടായത്.

വേഗത്തില്‍ മുട്ട കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ മുട്ട കുരുങ്ങുകയും ശ്വാസമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്തു. ഉടന്‍തന്നെ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സംഗീത് എന്നിവര്‍ കേരള സിവില്‍ ഡിഫന്‍സ് അംഗമായി പരിശീലനം ലഭിച്ചിട്ടുള്ള മണികണ്ഠനെ ബന്ധപ്പെടുകയായിരുന്നു. മണികണ്ഠന്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി തൊണ്ടയില്‍ കുരുങ്ങിയ മുട്ട പുറത്തെത്തിക്കുകയായിരുന്നു. അച്ചന്‍കോവില്‍ സ്റ്റേഷനിലെ പോലീസായ അനീഷ്, നാട്ടുകാരായ മണികണ്ഠന്‍, ഷിബു, ബിജു എന്നിവരും സഹായത്തിനുണ്ടായിരുന്നു.