വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പരാജയപ്പെടുത്തി. മലപ്പുറം ജില്ലയില്‍ മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ മരവട്ടത്താണ് സംഭവം. കാടാമ്പുഴ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി്.

22 വയസ്സുള്ള പ്രതിശ്രുതവരന്റെയും ഇരുവീട്ടുകാരുടെയും പേരിലാണ് കേസ്. നാട്ടുകാരുടെ പരാതിയിലാണ് നടപടി. ശനിയാഴ്ച വരന്റെ വീട്ടുകാരെത്തി പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് വിവാഹം ഉറപ്പിക്കാനായിരുന്നു ശ്രമം. സംഭവം അറിഞ്ഞ നാട്ടുകാര്‍ പോലീസിലും ബാലാവകാശക്കമ്മിഷനിലും പരാതി നല്‍കുകയായിരുന്നു. വരന്റെയും പെണ്‍കുട്ടിയുടെയും വീട്ടുകാരായ ഇരുപതോളം ആളുകളുടെ പേരില്‍ കേസുണ്ട്. പ്രതിശ്രുതവരന്റെയും പെണ്‍കുട്ടിയുടെയും രക്ഷിതാക്കള്‍ ഏറ്റവുമടുത്ത ബന്ധുക്കളാണ്.

ശൈശവ വിവാഹത്തിന് കൂട്ടുനിന്നതിനാണ് കേസ്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കാടാമ്പുഴ സ്റ്റേഷന്‍ ഓഫീസര്‍ വി.കെ. ശ്രീജേഷിനാണ് അന്വേഷണച്ചുമതല.