കണ്ണൂര്‍: ശബരിമലയിലെ സ്വര്‍ണം കടത്തിയതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വിശ്വാസ സംരക്ഷണജാഥയുടെ ലീഡറുമായ കെ മുരളീധരന്‍. വിശ്വാസ സംരക്ഷണജാഥക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ അന്വേഷണ കമ്മീഷന്‍ കോടതി പറയുന്നത് പോലെ ചെയ്യുമോയെന്ന് സംശയമാണ്. അവര്‍ അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ തയ്യാറാകുമോയെന്നും സംശയമുണ്ടെന്നും അതിനാലാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന് പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഒരിക്കല്‍ കൂടി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പനെ കട്ട് വിഴുങ്ങുമെന്നും നമ്മള്‍ അയ്യപ്പനെ വിളിക്കുമ്പോള്‍ പിണറായിയുടെ വയറിനകത്ത് നിന്നായിരിക്കും അയ്യപ്പന്‍ വിളി കേള്‍ക്കുകയെന്നും മുരളീധരന്‍ പരിഹസിച്ചു. സ്വര്‍ണ്ണത്തിനെ കൊണ്ട് കളിച്ചാല്‍ എന്തെങ്കിലും ദോഷം സംഭവിക്കും. ചിലര്‍ക്ക് അസുഖങ്ങള്‍ വരാം. ചിലര്‍ക്ക് ചിത്തഭ്രമം സംഭവിക്കാം. പിണറായിക്ക് സംഭവിച്ചത് ചിത്തഭ്രമമാണെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. ഇത്തരത്തിലുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഉറച്ച രാഷ്ട്രീയ തീരുമാനമെടുത്ത പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ജനത്തിന്റെ വിശ്വാസത്തിന് മുറിവേല്‍ക്കുമ്പോള്‍ ഒരു കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനാകില്ല. അതു കൊണ്ടു തന്നെയാണ് മുമ്പ് ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ കാര്യത്തിലും ധൈര്യസമേതം കോണ്‍ഗ്രസ്സ് വിശ്വാസികള്‍ക്കൊപ്പം നിന്നതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ശബരിമല ധര്‍മ്മശാസ്താവിന്റെ ആഭരണങ്ങള്‍ കൊള്ളചെയ്ത് കൊണ്ടുപോയിരിക്കുന്നു. അതിനെതിരായ വിശ്വാസികളുടെ വികാരം. അതാണ് ശബരിമല വിശ്വാസ സംരക്ഷണയാത്രയെന്നും മുരളീധരന്‍ പറഞ്ഞു.