കുമളി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാനാണ് അധികൃതരുടെ തീരുമാനം. പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കും.

പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചേ മൂന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 136 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചതോടെ നിലവില്‍ ജലനിരപ്പ് 137.8 അടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്.

അതേസമയം കല്ലാര്‍ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. ശക്തമായ മഴ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കല്ലാര്‍ ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.