ചെന്നൈ: വിമാനത്തിലെ ഭക്ഷണത്തില്‍ മുടിനാരുകണ്ട സംഭവത്തില്‍ യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. 2002 ജൂണ്‍ 26-ന് നടന്ന സംഭവത്തിലാണ് ഹൈക്കോടതിയുടെ വിധി വന്നത്. എയര്‍ ഇന്ത്യയുടെ അലംഭാവമാണ് സംഭവത്തിനു വഴിവെച്ചതെന്നും എന്നാല്‍, കാറ്ററിങ് സര്‍വീസുകാരെ പഴിചാരി രക്ഷപ്പെടാനാണ് അവര്‍ ശ്രമിച്ചതെന്നും ജസ്റ്റിസ് പി.ബി. ബാലാജി വിധിന്യായത്തില്‍ പറഞ്ഞു.

കൊളംബോയില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ വിതരണംചെയ്ത ഭക്ഷണത്തിലാണ് പരാതിക്കാരന് മുടി ലഭിച്ചത്. ഭക്ഷണപ്പാക്കറ്റ് തുറന്നപ്പോള്‍ മുടിനാരുകണ്ടതോടെ ഛര്‍ദിച്ചുപോയെന്നും വിമാനമിറങ്ങിയ ഉടന്‍ പരാതിനല്‍കിയെന്നും യാത്രക്കാരന്‍ പറയുന്നു. 11 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ചെന്നൈ അഡിഷണല്‍ സിവില്‍ കോടതിയില്‍ യാത്രക്കാരന്‍ ഹര്‍ജിനല്‍കി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് കോടതി 2022-ല്‍ വിധിപറഞ്ഞു. ഇതിനെതിരേ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

വിമാനത്തില്‍ വിതരണംചെയ്യാനുള്ള ഭക്ഷണം എത്തിക്കാനുള്ള കരാര്‍ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അംബാസഡര്‍ പല്ലവയ്ക്കാണ് നല്‍കിയതെന്നും ഹര്‍ജിയില്‍ അവരെ കക്ഷിചേര്‍ക്കേണ്ടതായിരുന്നെന്നും എയര്‍ ഇന്ത്യ വാദിച്ചു. മുടിനാര് ഭക്ഷണപ്പാക്കറ്റിന്റെ ഉള്ളില്‍ത്തന്നെയാണ് കണ്ടതെന്നതിന് തെളിവ് ഹാജരാക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

വിമാനക്കമ്പനിയുമായല്ലാതെ, കാറ്ററിങ് സര്‍വീസുകാരുമായി യാത്രക്കാരന് ഇടപാടൊന്നുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭക്ഷണത്തില്‍ മുടി കണ്ടകാര്യം എയര്‍ ഇന്ത്യ നിഷേധിച്ചിരുന്നില്ലെന്നും ക്ഷമാപണം നടത്തിയിരുന്നെന്നും കോടതി ചൂണ്ടിക്കാണിച്ചു. എങ്കിലും നഷ്ടപരിഹാരത്തുക കുറച്ച കോടതി നിയമനടപടികള്‍ക്കു വേണ്ടിവന്ന ചെലവിലേക്കായി 35,000 രൂപ നല്‍കാന്‍ ഉത്തരവിട്ടു.