വൈപ്പിന്‍: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് വയോധികയ്ക്കും രക്ഷിക്കാന്‍ ചെന്ന മരുമകള്‍ക്കും പൊള്ളലേറ്റു. ചെറായി സഹോദരന്‍ ഹൈസ്‌കൂളിന് വടക്കുവശത്തു പണ്ടാരപ്പറമ്പില്‍ വീട്ടിലാണ് അപകടമുണ്ടായത്. 75വയസ്സുകാരിയായ കമലത്തിനും മരുമകള്‍ അനിതയ്ക്കും (50) ആണ് പൊള്ളലേറ്റത്. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാചകത്തിനിടെ സിലിണ്ടറില്‍ നിന്നും റെഗുലേറ്റര്‍ സ്വയം ഉയര്‍ന്ന് ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയുമായിരുന്നു. പരിസരത്തെ പെട്രോള്‍ പമ്പിലെ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് നാട്ടുകാര്‍ തീ അണച്ചെങ്കിലും ഗ്യാസ് ലീക്ക് പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പറവൂരില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ബേബി ജോണിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക് മാറ്റിയത്.