കണ്ണൂര്‍: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. മദ്യലഹരിയില്‍ ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലില്‍ കടന്നു കയറാന്‍ ശ്രമിച്ചയാളാണു പിടിയിലായത്. ഹോസ്റ്റലിലെ താമസക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്തേക്കു വന്നത്. പുറത്ത് ജീപ്പ് നിര്‍ത്തി മതില്‍ ചാടിക്കടക്കുന്നത് താമസക്കാരായ പെണ്‍കുട്ടികളില്‍ ചിലര്‍ കണ്ടു. ഇവര്‍ വിവരം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിക്കാന്‍ ഇറങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ പിടികൂടി. മദ്യലഹരിയിലായിരുന്ന പ്രതിയുടെ ഉദ്ദേശ്യമെന്താണെന്നും കൂടെ മറ്റാരെങ്കിലുമുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.