തിരുവനന്തപുരം: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ ഹര്‍ഡിലുകള്‍ അതിവേഗം ചാടിക്കടന്ന് സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയ്ക്ക് വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനം. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയായ സിസ്റ്ററുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കന്യാസ്ത്രീ വേഷത്തില്‍ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസ്സമല്ലെന്ന് സിസ്റ്റര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

55 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റര്‍ മത്സരിച്ചത്. ഒമ്പതില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തു. കോളേജ് പഠനകാലത്ത് അന്തര്‍സര്‍വകലാശാല മത്സരങ്ങളില്‍ മിന്നുംതാരമായി. പിന്നീട് കായികാധ്യാപികയുടെ റോളിലായി. അധ്യാപികയായശേഷം അധികം മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. സ്‌കൂള്‍ മീറ്റില്‍ അധ്യാപകരുടെ മത്സരങ്ങളില്‍ സമ്മാനം നേടിയുണ്ട്. അടുത്ത മാര്‍ച്ചില്‍ ജോലിയില്‍നിന്ന് വിരമിക്കും. ഇതിനുമുമ്പ് വീണ്ടും കളത്തിലിറങ്ങണമെന്ന ആഗ്രഹത്തിലണ് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിനെത്തിയത്. ആരാധന സന്യാസ സഭാംഗമായ സിസ്റ്റര്‍ ദ്വാരക പ്രൊവിന്‍ഷ്യല്‍ ഹൗസിലെ അംഗമാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയായ സിസ്റ്ററുടെ ഈ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണ്. 55 വയസ്സ് പിന്നിട്ടിട്ടും, തന്റെ കന്യാസ്ത്രീ വേഷത്തില്‍ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണ്. പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസ്സമല്ലെന്ന് സിസ്റ്റര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രചോദനമാണ് ഈ അധ്യാപികയുടെ അര്‍പ്പണബോധം. സിസ്റ്റര്‍ സബീനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.