തിരുവനന്തപുരം: 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലുപേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. 301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകള്‍, ആറ് മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. നാഗര്‍കോവില്‍ സ്വദേശി അരുള്‍ ജീവന്‍ (38),പാറശാല സ്വദേശി സുനില്‍ (51),തിരുവനന്തപുരം സ്വദേശി വിനോദ് കുമാര്‍ (41),ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് നാഗര്‍കോവിലില്‍ വച്ച് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തത്.

ബീമാപ്പള്ളിയില്‍ നിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേയ്ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തേക്ക് ഉല്‍പ്പനങ്ങളെങ്ങനെയെത്തിക്കുന്നെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.