മറയൂര്‍: മറയൂരില്‍ പഠന യാത്രയ്‌ക്കെത്തിയ തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത്. മറയൂര്‍ ടൗണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണു സംഭവം. മറയൂര്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ പിന്‍വശത്ത് കൂട്ടം ചേര്‍ന്നാണ് മര്‍ദിച്ചത്.

കൊല്ലം കൊട്ടാരക്കര എഴുകോണ്‍ ദ്വാരക വീട്ടില്‍ കേശവിന്റെ(19) നെഞ്ചില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും മറ്റൊരു വിദ്യാര്‍ഥിയായ വേണുഗോപാലിനെ വിളിച്ചുവരുത്തി ആക്രമിക്കുകയുമായിരുന്നു. 11 അംഗ സംഘമാണ് ആക്രമണത്തിന് എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മറയൂരിലെ ജീപ്പ് ഡ്രൈവര്‍മാരാണ് വേണുഗോപാലിനെ രക്ഷിച്ചത്. അടിപിടിയും ബഹളവും കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമിസംഘം രണ്ടു കാറുകളിലായി മൂന്നാര്‍ ഭാഗത്തേക്കു കടന്നു. എന്നാല്‍ ഇവരെ മറയൂര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

പഠനയാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മറയൂരില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. ലോ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവനാരായണനാണ് (23) ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ വേണുഗോപാല്‍ ലോ കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹിയാണ്. തിരുവനന്തപുരത്തുനിന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 45 പേരാണ് പഠനയാത്രയ്ക്കായി മറയൂരില്‍ എത്തിയത്.

വേണുഗോപാല്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവനാരായണന്‍ കെഎസ്യു പ്രവര്‍ത്തകനും ലോ കോളജ് പൂര്‍വവിദ്യാര്‍ഥിയുമാണ്. ദേവനാരായണന്‍ ഉള്‍പ്പെടെ 11 പേര്‍ മറയൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.