കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത് പാലാരിവട്ടം പോലീസ്. അന്യായമായി സംഘം ചേര്‍ന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു. മുഹമ്മദ് ഷിയാസി നേതൃത്വത്തില്‍ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതി.

അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ടുള്ള കലൂര്‍ സ്റ്റേഡിയം നവീകര വിവാദത്തില്‍ വീണ്ടും ബുധനാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. അര്‍ജന്റീനയുടെ ജേഴ്സി ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ കടവന്ത്ര ജിസിഡിഎ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. തുടര്‍ന്ന് ഫുട്ബോളുമായി ജിസിഡിഎ ചെയര്‍മാന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ പിടിച്ചു മാറ്റാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമായി.