തിരുവനന്തപുരം: ഓഫീസില്‍ പണം സൂക്ഷിക്കുന്ന ലോക്കറില്‍ നൂറുരൂപ അധികമായി കണ്ടെത്തിയതിന്റെ പേരില്‍ അവധിയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാര്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടെങ്കിലും വകുപ്പ് നടപടിയില്‍നിന്നു പിന്മാറിയിട്ടില്ല. നാലു ജൂനിയര്‍ സൂപ്രണ്ടുമാര്‍, രണ്ടു ക്ലാര്‍ക്ക്, ഒരു പിഎ എന്നിവര്‍ക്കാണ് ശിക്ഷ.

സെപ്റ്റംബര്‍ ഒന്‍പതിന് വൈകീട്ട് നാലരയോടെ ആറ്റിങ്ങലില്‍നിന്ന് ഏറെ ദൂരെ വിതുരയിലുള്ള ഒരു ഉദ്യോഗാര്‍ഥി കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയിരുന്നു. ആ സമയത്ത് കാഷ് ബുക്ക് ക്ലോസ് ചെയ്തതിനാല്‍ പിറ്റേദിവസത്തെ കണക്കിലാണ് ഉദ്യോഗസ്ഥര്‍ തുക വരവുവെച്ചത്. ഫീസായി വാങ്ങിയ 100 രൂപയ്ക്ക് രസീത് കൈമാറിയ ശേഷം ആ തുക ലോക്കറില്‍ വെച്ചു. പക്ഷേ, പിറ്റേദിവസം പരിശോധനയ്‌ക്കെത്തിയവര്‍ ലോക്കറില്‍ ഈ നൂറുരൂപ അധികമായി കണ്ടെത്തിയതു പ്രശ്‌നമാക്കി. തുക വാങ്ങിയ ദിവസം അവധിയായിരുന്ന ഉദ്യോഗസ്ഥനടക്കം ഏഴുപേരെ ഈ സംഭവത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു.

പിന്നീട്, വസ്തുതകള്‍ ബോധ്യപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടെങ്കിലും സ്ഥാനക്കയറ്റം നിഷേധിക്കുന്നതടക്കമുള്ള അച്ചടക്കനടപടി തുടരാന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്തില്ലെന്നാണ് മറ്റൊരു കുറ്റാരോപണം. എന്നാല്‍, സ്‌കോളര്‍ഷിപ്പുകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ രക്ഷിതാക്കള്‍ നേരിട്ടാണ് രജിസ്റ്റര്‍ചെയ്യുന്നത്. അക്കൗണ്ട് നമ്പറിലും മറ്റും പിശകുവരാറുള്ളതിനാല്‍, വിദ്യാഭ്യാസ ഓഫീസുകള്‍ നേരിട്ടു പരിശോധിച്ചുമാത്രമേ തുക നല്‍കാറുള്ളൂ. ഓഗസ്റ്റ് പകുതിക്കുശേഷംവന്ന സ്‌കോളര്‍ഷിപ്പ് പണം വിതരണംചെയ്യാന്‍, പരിശോധന നടക്കുന്നതിന്റെ തെളിവ് കാണിച്ചിട്ടും അച്ചടക്കനടപടി ഒഴിവായില്ല.

സ്‌കൂള്‍ജീവനക്കാരുടെ ആദായനികുതി വിവരങ്ങള്‍ മതാടിസ്ഥാനത്തില്‍ ചോദിച്ചതിന് സര്‍ക്കാര്‍നടപടി നേരിട്ട ഉദ്യോഗസ്ഥരടക്കം പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.