കോതമംഗലം: മേയാന്‍ വിട്ട പോത്ത് വിരണ്ടോടി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി. താഴെയിറങ്ങാനാവാതെ ബഹളം വെച്ച പോത്തിനെ അഗ്നിരക്ഷാ സേന എത്തി ഏറെ സാഹസികമായാണ് നിലത്തിറക്കയത്. കോട്ടപ്പടി പ്ലാമുടിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

കോട്ടപ്പടി പ്ലാമുടിക്കുസമീപം കണ്ണാക്കടയില്‍ ബഥേല്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഇരുനില മന്ദിരത്തിന്റെ മുകളില്‍ മുന്‍പ് സംഭരണിയായി ഉപയോഗിച്ചിരുന്ന ടെറസിലാണ് പോത്ത് എത്തിയത്. തോട്ടത്തില്‍ മുപ്പതോളം പോത്തിനെയും എരുമയെയും വളര്‍ത്തുന്നുണ്ട്. ഇതില്‍ ഒരു പോത്താണ് വിരണ്ട് പുരപ്പുറത്ത് കയറിക്കൂടിയത്.

20 ഏക്കറോളം വരുന്ന തോട്ടത്തിലുള്ള കെട്ടിടമാണിത്. പോത്തിനെ തോട്ടത്തില്‍ മേയാന്‍ വിട്ടതായിരുന്നു. ഇതിനിടെയാണ് വിരണ്ട് പോത്ത് പടികള്‍ കയറി മുകളിലേക്ക് പോയത്. ഇത് താഴെ ഉണ്ടായിരുന്ന തോട്ടത്തിലെ പണിക്കാരില്‍ ഒരാള്‍ കണ്ടാണ് വിവരം അറിയിച്ചത്. സ്റ്റെയര്‍ കെയ്സിലൂടെ നടന്ന് കെട്ടിടത്തിന് മുകളിലെത്തിയ പോത്തിന് തിരികെ ഇറങ്ങാന്‍ അറിയാതെ കരച്ചിലും ബഹളവുമായി.

കോതമംഗലത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ കൈകാലുകള്‍ ബന്ധിച്ച് വടവും ബെല്‍റ്റും ചേര്‍ത്തുകെട്ടി രാത്രി 7.45-ഓടെയാണ് പോത്തിനെ താഴെ ഇറക്കിയത്.