മുട്ടം: വളര്‍ത്തുനായ പുരയിടത്തില്‍ കയറിയതിന്റെ പേരില്‍ അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവിന് 10 വര്‍ഷം ജയില്‍ശിക്ഷ. സംഭവത്തില്‍ ഇരയായ യുവാവിന് ചെവി നഷ്ടമായിരുന്നു. ഇടുക്കി തടിയമ്പാട് പുതുനാക്കുന്നേല്‍ സരീഷ്‌കുമാറിനെ(36)യാണ് മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. 2021 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.

അയല്‍വാസിയായ ഇരട്ടപ്ലാക്കല്‍ അനീഷ് ഉലഹന്നാന്‍ തന്റെ വളര്‍ത്തുനായയുമായി വൈകുന്നേരം നടക്കാനിറങ്ങുമായിരുന്നു. സംഭവദിവസം വളര്‍ത്തുനായ സരീഷ് കുമാറിന്റെ പറമ്പില്‍ കയറി. ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കിച്ചു. തുടര്‍ന്ന് വാക്കത്തികൊണ്ട് അനീഷിനെ വെട്ടുകയായിരുന്നു. അനീഷിന്റെ തലയുടെ ഇടതുഭാഗത്തും ചെവിയിലും ഇരുകാല്‍മുട്ടുകളിലും വെട്ടേറ്റു. ഇടത് ചെവി മുറിഞ്ഞുപോയി. എക്‌സവേറ്റര്‍ ഓപ്പറേറ്ററായിരുന്ന അനീഷിന്റെ ജീവിതവും പ്രതിസന്ധിയിലായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ ജോണി അലക്സ് ഹാജരായി. ഇടുക്കി എസ്എച്ച്ഒ എം. അന്‍വറാണ് കേസ് അന്വേഷിച്ചത്.