തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ വേടനെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുത്തതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം പ്രഖ്യാപിച്ച ജൂറി പെണ്‍കേരളത്തോട് മാപ്പുപറയാന്‍ ബാധ്യസ്ഥരാണെന്നും അവര്‍ വ്യക്തമാക്കി. വേടനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് ദീദിയുടെ പ്രതികരണം.

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍, ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല', ദീദി ഫെയ്സ്ബുക്കില്‍ കുറിച്ചു.

'സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസവഞ്ചനയാണ് ജൂറി തീരുമാനം. കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണ്', അവര്‍ വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദീദിയുടെ പ്രതികരണം.