- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ സംഭരിച്ച നെല്ലിന്റെ വില തിങ്കളാഴ്ച മുതല്‍ 30 രൂപ നിരക്കില്‍ നല്‍കും; ചൊവ്വാഴ്ച മുതല്‍ എഫ്.സി.ഐയുമായും സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനുമായും സഹകരിച്ച് നെല്ല് സംഭരിക്കും
ഇതുവരെ സംഭരിച്ച നെല്ലിന്റെ വില തിങ്കളാഴ്ച മുതല്‍ 30 രൂപ നിരക്കില്‍ നല്‍കും
മങ്കൊമ്പ്: നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം നെല്ല് സംഭരിക്കുന്ന മില്ലുകള്‍ക്ക് പുറമേ കൂടുതലായി കൊയ്തു വെച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതല്‍ എഫ്‌സിഐയുമായും സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും ചര്‍ച്ചയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ വേര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളില്‍ മുന്നോട്ട് പോവാനും തീരുമാനിച്ചിട്ടുണ്ട്. മില്‍ ഉടമ സംഘടനകളു യായി മുഖ്യമന്ത്രി ഉള്‍പ്പെടെ ചര്‍ച്ച ചെയ്തിട്ടും സംഭരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നിരവധി മില്ലുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കര്‍ഷകരുടെ പ്രയാസം ഒഴിവാക്കുന്നതിനായി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
കര്‍ഷകര്‍ ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം തിങ്കളാഴ്ച മുതല്‍ കൊടുത്ത് തുടങ്ങും. എഫ്‌സിഐ സംഭരിച്ചു തുടങ്ങുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനിച്ച തുകയായ 30 രൂപ നിരക്കില്‍ നല്‍കാന്‍ പിആര്‍എസ് വായ്പയുടെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
ഇതിലൂടെ കര്‍ഷകന്റെ പ്രയാസങ്ങള്‍ അകറ്റാന്‍ കഴിയും. പാലക്കാട് ജില്ലയില്‍ കര്‍ഷകരും സഹകരണ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി സഹകരണപ്രസ്ഥാനത്തിലൂടെ സംഭരിക്കാനുള്ള സാദ്ധ്യതകള്‍ ആരായും.ഇതിനായി നാളെ സഹകരണ - തദ്ദേശ സ്വയംഭരണ- വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തില്‍ പാലക്കാട് യോഗം ചേരുന്നുണ്ട്. ആവശ്യമായ സഹകരണ സംഘങ്ങളെ നെല്ല് സംഭരണത്തില്‍ എത്തിക്കുന്ന കാര്യം കഴിഞ്ഞ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രയാസങ്ങള്‍ അകറ്റാനും സമയബന്ധിതമായി പണം കൊടുക്കാനുമുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.
നെല്ല് സംഭരിക്കാന്‍ വിമുഖത മില്ല് ഉടമകളുടെ സംഘടന കാട്ടുന്ന സാഹചര്യത്തില്‍ അതിനെ എങ്ങനെ മറികടക്കാം എന്നതാണ് സര്‍ക്കാര്‍ ആലോചിച്ചത്. ഈ സാഹചര്യത്തില്‍ മില്‍ ഉടമകളുമായി സപ്ലൈക്കോ കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചയില്‍ നാല് മില്ലുകള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറായി വന്നു. 2432 മെട്രിക് ടണ്‍ നെല്ല് കഴിഞ്ഞ മൂന്നു ദിവസമായി സംഭരിച്ചു. ഇന്നും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. പാലക്കാട്,തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നെല്ല് സംഭരിക്കുന്ന പ്രവര്‍ത്തി തുടരുകയാണ്. ഇന്ന് രണ്ട് മില്ലുകള്‍ കൂടി കരാറില്‍ ഒപ്പിടാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ആറ് മില്ലുകള്‍ക്ക് പൂര്‍ണ്ണമായും സംഭരിക്കാന്‍ സാധിക്കില്ല. അടുത്ത ആഴ്ചമുതല്‍ നെല്ലിന്റെ കൊയ്ത്തു കൂടുതലാണ്. നവംബര്‍, ഡിസംബര്‍ മാസത്തെ കൊയ്ത്തു കണക്കിലെടുത്തു കൊണ്ട് സര്‍ക്കാര്‍ ബദല്‍ സംവിധാനം രൂപപ്പെടുത്താനാണ് ആലോചിച്ചത് .
സംഭരണത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായിരുന്നത് കുട്ടനാട്ടിലാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോയ്ത്തിന്റ സമയം ആവുമ്പോളേക്കും മില്ലുകാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരുന്നില്ല. മില്ലുടമകള്‍ അനുകൂല്യങ്ങള്‍ കൂടുതലായി കിട്ടണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അന്യായമായ അവശ്യങ്ങള്‍ ഉയര്‍ത്തി നെല്ല് സംഭരണത്തെ തന്നെ തകിടംമറിക്കാന്‍ ശ്രമിച്ചു. ഇതിന് ബദല്‍ മാര്‍ഗം എന്ന ആലോചനയില്‍ പാലക്കാട് കര്‍ഷകര്‍ നെല്ല് സംഭരിച്ചു വെച്ച് പിന്നീടാണ് കൈമാറുന്നത്, അവിടെ ഗ്രീന്‍സ്ലിപ് എന്ന് പറയുന്ന ഒരു പച്ച ചീട്ട് കൊടുത്ത് നെല്ല് സംഭരിച്ചുവരുകയാണ്.
വരാന്‍ പോവുന്ന ആഴ്ചകളിലാണ് കുട്ടനാട്ടില്‍ കൂടുതല്‍ കോയിത്തു നടക്കാന്‍ പോവുന്നത്. മില്ലുടമകളുമായി പരമാവധി സഹകരിച്ചു പോവാന്‍ നോക്കിയെങ്കിലും അത് സാധ്യമാവാത്തെ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങളിലേക് സര്‍ക്കാര്‍ നീങ്ങുകയാണ്. ഇത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും. ഈ സീസണ്‍ നമ്മള്‍ വിജയിപ്പിച്ചാല്‍ അടുത്ത സീസണിലേക്കു നെല്ല് സംഭരണത്തിന് മാസങ്ങള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാവില്ല. ഇതിന് ആവശ്യമായ ക്രമത്തില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും താത്കാലിക ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തോമസ് കെ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, സപ്ലൈക്കോ എംഡി വിഎം ജയകൃഷ്ണന്‍, സപ്ലൈക്കോ ജനറല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍, പാഡ്ഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥര്‍, എഫ്‌സിഐ ഉദ്യോഗസ്ഥര്‍, സെന്‍ട്രല്‍ വേര്‍ഹൗസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




