- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഐസിഎആറില്നിന്ന് കിട്ടേണ്ടിയിരുന്ന 12.6 കോടി നഷ്ടമായി
കാർഷിക സർവകലാശാലയ്ക്ക് ഐസിഎആറിന്റെ 12 കോടി നഷ്ടമായി
തൃശ്ശൂര്‍: കേരള സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് ശമ്പളപരിഷ്കരണ കുടിശ്ശികയിനത്തില്‍ ഐസിഎആറില്നിന്ന് കിട്ടേണ്ടിയിരുന്ന 12.6 കോടി നഷ്ടമായി. കാര്‍ഷിക സര്‍വകലാശാല ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശികയിനത്തില്‍ അധ്യാപക ജീവനക്കാര്‍ക്ക് 25 കോടി നല്‍കേണ്ടതുണ്ട്. ഈ തുകയാണ് കേരള സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം നഷ്ടമായത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമപരമായ വിഹിതം അയച്ച് ഗ്രാന്റ് നേടിയെടുത്തു.
2016 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയുള്ള കാലത്തെ തുകയാണിത്. ഈ തുക കേരളവും കേന്ദ്രവും തുല്യമായി നല്‍കണമെന്നാണ് വ്യവസ്ഥ. കേരള കാര്‍ഷിക സര്‍വകലാശാല കൃഷിവകുപ്പിന് കീഴിലായതിനാല്‍ ശമ്പളപരിഷ്കരണ കുടിശ്ശികയുെട കേന്ദ്രവിഹിതം അനുവദിക്കേണ്ടത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) ആണ്. കേന്ദ്രവിഹിതമായ 12.6 കോടി തരാമെന്ന് ഐസിഎആര്‍ രണ്ടുതവണ കാര്‍ഷിക സര്‍വകലാശാലയെ അറിയിച്ചതാണ്. ഈ തുക അനുവദിക്കണമെങ്കില്‍ കേരള സര്‍ക്കാര്‍ തത്തുല്യമായ തുക ആദ്യം കെട്ടിവയ്ക്കണം. അല്ലെങ്കില്‍ തത്തുല്യമായ തുക പ്രൊവിഡന്റ് ഫണ്ടില്‍ ഒടുക്കണം. തുക ഒടുക്കിയതിന്റെ രേഖ ഹാജരാക്കിയാലാണ് ഐസിഎആര്‍ പണം അനുവദിക്കുക. സാമ്പത്തിക പ്രതിസന്ധി കാരണം കേരള സര്‍ക്കാര്‍ തുക കെട്ടിവെച്ചില്ല.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് കേരള ധനമന്ത്രിക്ക് രണ്ടുതവണ കത്തയച്ചിരുന്നു. പക്ഷേ അനുകൂല നടപടിയുണ്ടായില്ല. വിഷയത്തില്‍ ഐസിഎആര്‍ രണ്ടുതവണ കാര്‍ഷിക സര്‍വകലാശാലയ്ക് കത്തയച്ചിട്ടും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ശമ്പളപരിഷ്കരണ കുടിശ്ശികയുടെ തുല്യവിഹിതം നല്‍കാനാകില്ലെന്ന നിലപാടിലേക്ക് ഐസിഎആര്‍ നീങ്ങിയത്.




