ഗാന്ധിനഗര്‍: സംസ്താനത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 25 വര്‍ഷംമുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപിയില്‍ ദിവസവും നാല് അല്ലെങ്കില്‍ അഞ്ചു പേരാണ് പ്രമേഹ അനുബന്ധപ്രശ്‌നങ്ങളുമായി എത്തിയിരുന്നത്. എന്നാല്‍, നിലവില്‍ കുറഞ്ഞത് 30 പേരെങ്കിലും ഈ രോഗവുമായി വരുന്നുവെന്ന് ആശുപത്രിയിലെ കണക്കുകള്‍ പറയുന്നു.

മറ്റ് ആശുപത്രികളില്‍ ചികിത്സിച്ച് തുടര്‍ചികിത്സയ്ക്കായി സങ്കീര്‍ണതകളുമായി മെഡിക്കല്‍ കോളേജിലെത്തുന്നവരുടെ മാത്രം കണക്കാണിത്. നടപ്പും ശാരീരിക അധ്വാനവും കുറഞ്ഞതും കൊഴുപ്പ് കൂടിയ ഭക്ഷണക്രമവും ഇതിന് കാരണമാകുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ യൂണിറ്റ് ചീഫ് ഡോ. സുവാന്‍ സഖറിയ പറഞ്ഞു.

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യം ദുര്‍ബലമാക്കുമെന്നും അദ്ദേഹം തുടര്‍ന്നു. പ്രമേഹസാധ്യത കൂടും. ഹൃദയം, തലച്ചോര്‍ രോഗങ്ങളുടെ പ്രധാന കാരണമാകുന്നതും അമിതമായ പഞ്ചസാര ഉപയോഗം. പല്ലുകളുടെ ബലക്ഷയം, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും കാരണമാകാം.-ഡോക്ടര്‍ പറയുന്നു.

കുട്ടികളിലെ പ്രമേഹവും കൂടുന്നു

നിലവില്‍, പ്രമേഹരോഗബാധിതരായ 200-ലധികം കുട്ടികള്‍ സ്ഥിരം ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള കുട്ടികളുടെ ആശുപത്രിയില്‍ എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ.പി. ജയപ്രകാശ് പറയുന്നു. രണ്ടുവയസ്സില്‍ താഴെയുള്ളവരുടെ പ്രമേഹം ജന്മനാ ഉള്ളതായിരിക്കും. എന്നാല്‍, അതിനുമുകളിലേക്കുള്ളത് പലപ്പോഴും പാന്‍ക്രിയാസിന്റെ പ്രശ്‌നങ്ങള്‍ മൂലമാണ്. തലകറക്കം, ചര്‍ദ്ദി, അമിതവിശപ്പ്, ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍, അമിതദാഹം തുടങ്ങിയവ ലക്ഷണങ്ങളാണ്.