കൂത്താട്ടുകുളം: ആറാം ക്ലാസുകാരന്‍ അമ്മയ്‌ക്കൊപ്പം കഴിഞ്ഞത് കാടുപടിച്ച സ്ഥലത്തെ തകര്‍ന്ന ഷെഡ്ഡില്‍. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കവും മുത്തശ്ശിയുടെ കടുംപിടിത്തവുമാണ് പതിനൊന്നുകാരന്റെ ജീവിതം ദുരിതത്തിലാക്കിയത്. കുട്ടിക്ക് വിശപ്പിന് ആഹാരം പോലും ലഭിച്ചിരുന്നില്ല. ക്ലാസില്‍ നിന്നും സ്ഥിരമായി കിട്ടിയ ജ്യൂസ് കുപ്പിയെ കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടിയുടെ ദുരിത കഥ പുറത്താവുന്നത്.

സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടിയുടെ കഥയറിഞ്ഞതോടെ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇവരുടെ ഇടപെടലില്‍ അണ്മയേയും കുട്ടിയേയും വീട്ടില്‍ തിരിച്ചുകയറ്റി. തിരുമാറാടി പഞ്ചായത്തിലെ പൊതുവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. ക്ലാസ് മുറിയില്‍ ജ്യൂസ് കുപ്പികള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരു കുട്ടി ക്ലാസില്‍ പതിവായി ജ്യൂസുമായെത്തുന്നത് മനസ്സിലായി. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയോട് വിവരം തിരക്കി.

ഇതോടെയാണ് കുട്ടിയുടെ കഥ പുറം ലോകം അറിയുന്നത്. കുട്ടിക്ക് വീട്ടില്‍നിന്നു ഭക്ഷണം കിട്ടുന്നില്ലെന്നും അമ്മ ദിവസേന നല്‍കുന്ന 20 രൂപകൊണ്ട് ജ്യൂസ് വാങ്ങിക്കഴിക്കുകയാണെന്നും കുട്ടി പറഞ്ഞു. പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ചന്വേഷിച്ചു. കൂത്താട്ടുകുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയായ അമ്മയെ സ്‌കൂളില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി.

അമ്മയും അച്ഛനും തമ്മില്‍ തര്‍ക്കമുണ്ടെന്നും മുത്തശ്ശി (അച്ഛന്റെ അമ്മ) നാളുകളായി കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്നും അമ്മയുമായി സംസാരിച്ചപ്പോള്‍ വ്യക്തമായി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കുട്ടിക്ക് കൊടുക്കാന്‍ മുത്തശ്ശി സമ്മതിക്കാത്തതിനാലാണ് അമ്മ കുട്ടിക്ക് ജ്യൂസ് കുടിക്കാന്‍ 20 രൂപ നല്‍കുന്നതെന്നും വ്യക്തമായി.

ഇതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിലും കൂത്താട്ടുകുളം പോലിസിലും അറിയിച്ചു. വെള്ളിയാഴ്ച ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലും കുട്ടിയുടെ വീട്ടിലുമെത്തി. ഇരുവരെയും വീട്ടില്‍ കയറ്റണമെന്നും ഷെഡ്ഡ് പൊളിക്കണമെന്നും പോലീസ് നിര്‍ദേശിച്ചതോടെ വീട്ടിലേക്ക് താമസം മാറി.