തിരുവനന്തപുരം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ചമുന്‍പെങ്കിലും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) അറിയിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശനനിര്‍ദേശം. എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ബസുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികളെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കാനുമാണിത്.

ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കാതെ യാത്രകള്‍ സംഘടിപ്പിക്കുന്നില്ലെന്ന് വിദ്യാലയ മാനേജ്മെന്റും പ്രിന്‍സിപ്പല്‍മാരും ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിനോദയാത്രാ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉത്തരവാദിത്വം സ്‌കൂള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കായിരിക്കും.

വിനോദയാത്രയ്ക്കു പോകുന്ന മിക്ക ബസുകളിലും എമര്‍ജന്‍സി വാതിലും തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങളുമില്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരസാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യാത്രക്കാര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ ധാരണയില്ല.

സ്പീക്കര്‍, അലങ്കാരവിളക്കുകള്‍ തുടങ്ങിയവ അനധികൃതമായി ബസുകളില്‍ ഘടിപ്പിക്കുന്നുണ്ട്. ഇത് തീപ്പിടിത്തത്തിന് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.