വെള്ളരിക്കുണ്ട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ ജോലിക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ബിഎല്‍ഒയെ ആശുപത്രിയില്‍ പ്രവേശിപ്പിത്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം 124-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ കൊന്നക്കാട് മൈക്കയത്തെ എം.ശ്രീജയെ ആണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തനിച്ചായിരുന്നു ശ്രീജ അന്ന് വിവര ശേഖരണത്തിന് എത്തിയത്.

വള്ളിക്കടവ് ഭാഗത്ത് വിവരശേഖരണം നടത്തുന്നതിനിടെ ക്ഷീണിതയായ ഇവര്‍ ജോലി നിര്‍ത്തി ഇരുചക്രവാഹനത്തില്‍ കൊന്നക്കാട്ടേക്ക് തിരിച്ചുപോയി. ടൗണിലെ കടയില്‍നിന്ന് വെള്ളം കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇവരെ ആളുകള്‍ സമീപത്തെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. നാല് വീടുകള്‍ പൂര്‍ത്തിയായശേഷമാണ് ക്ഷീണിതയായത്. റവന്യൂ ഉദ്യോഗസ്ഥര്‍ ആസ്പത്രിയില്‍ ശ്രീജയെ സന്ദര്‍ശിച്ചു.

മെക്കയം അങ്കണവാടി അധ്യാപികയായ ശ്രീജ ഡിസംബര്‍ നാലിനകം ജോലി പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്കയിലായിരുന്നുവെന്ന് സുഹൃത്തുകള്‍ പറയുന്നു. ബളാല്‍ എട്ടാംവാര്‍ഡില്‍ ദുര്‍ഘടമായ മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ 1112 വോട്ടര്‍മാരുടെ വിവരമാണ് ശേഖരിക്കേണ്ടിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭവനസന്ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ നാലുദിവസവും ശ്രീജയ്‌ക്കൊപ്പം വില്ലേജ് ഓഫീസിലെ ജീവനക്കാരും സഹായത്തിന് പോയതായി വില്ലേജ് ഓഫീസര്‍ ഏലിയാസ് ദാസ് അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ക്ക് ജോലിഭാരം കൂടുതലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സംഭവം.