മലപ്പുറം: ലോറിയില്‍ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ്, കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. ചങ്ങരംകുളത്തിനടുത്ത് കടവല്ലുരില്‍ ഉണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി ആതിര(27)യാണ് മരിച്ചത്. ആതിരയുടെ ഭര്‍ത്താവിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശ്ശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍, ചങ്ങരംകുളം കടവല്ലൂരില്‍ അമ്പലം സ്റ്റോപ്പിന് സമീപം രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് ചാഞ്ഞു നിന്ന മരമാണ് അപകടം ഉണ്ടാക്കിയത്. ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയുടെ മുകള്‍ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണല്‍മരത്തില്‍ തട്ടിയതിനെ തുടര്‍ന്ന്, മുറിഞ്ഞുവീണ കൊമ്പ് ലോറിക്ക് പിറകില്‍ വന്നിരുന്ന കാറിനുള്ളിലേക്ക് തുളച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.